Tuesday, November 24, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992

Tuesday, October 06, 2009

ഒരു തോറ്റം പാട്ട്

ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991

Wednesday, July 08, 2009

ഒറ്റക്കണ്ണൻ

എന്റേകനയനാത്താൽ-
കണ്ടുഞാനിത്രയുമെങ്കിലെൻ
മറുനേത്രവും തുറന്നീടുകിൽ!!

Saturday, May 30, 2009

നീർമാതളം കൊഴിഞ്ഞു………


മലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരി, മാധവിക്കുട്ടി, ആംഗലേയരുടെ പ്രീയപ്പെട്ട കമലദാസ്, അവസാനം തന്റെ ശരീരത്തെ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച, ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി വിളിച്ചുപറഞ്ഞ എഴുത്തുകാരി. ഇന്ത്യൻ സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് സത്യസന്തമായി സംസാരിച്ച ആദ്യത്തെ ഹിന്ദു സ്ത്രീ അതായിരുന്നു മാധവിക്കുട്ടി……ആഗ്രഹിച്ചത് കിട്ടാതിരിക്കുകയും, കിട്ടിയത് ആഗ്രഹിക്കാതിരിക്കുകയും… അതൊക്കെ പരസ്യമായി പറയുകയും ചെയ്ത ധൈര്യശാലിയായ സ്ത്രീ, അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അത് പറവയായി തീരാനാഗ്രഹിച്ച എഴുത്തുകാരി, ഇനീ ഒരിക്കലും മനുഷ്യസ്ത്രീയായി പിറക്കരുതെ എന്ന് ആഗ്രഹിച്ച എഴുത്തുകാരി……. ചന്ദന മരങ്ങളും, നീർമാതളം പൂത്ത കാലാവും, നെയ്പ്പായസംവും, വണ്ടിക്കാളകളും, ഒക്കെ ആ മനോവ്യഥകളുടെ ആവിഷ്ക്കാരമായിരുന്നു….. അതുല്ല്യയായ ഒരു എഴുത്തുകാരി, അതിന് പകരം വയ്ക്കാൻ മലയാളത്തിന്റെ പക്കൽ മറ്റൊന്നില്ല………

Tuesday, May 12, 2009

കണ്ണകികണ്ടയുദ്ധംവീണ്ടുമൊരുയുദ്ധം! കാണുക,
രാവണപ്രഭുവിന്റെ കോട്ടയ്ക്കപ്പുറ-
ത്തായിരംകബന്ധങ്ങൾ കൂടിക്കിടക്കുന്നു,

രാമനായെത്തിയ രാവണന്മാർ
തന്നുടെ ധനുസ്സിൽ തൊടുക്കുന്നാ-
യിരമമ്പുകൾ,

ആയിരമായുസ്സ് ഓടുക്കുവാൻ
ഇന്നരനിമിഷം തെന്നെ അധികമെന്നോർക്കുക!
ദിനരാത്രമില്ലാതെ, എയ്യുന്നമ്പുകൾ

അവർ, നീതികാക്കുന്നവർ.
എവിടായാണെന്നമ്മ?,
എവിടെയാണെൻ കുഞ്ഞനുജൻ?

ഇന്നലെ കണ്ടാതാണെല്ലാവരേയും ഞാൻ,
അച്ഛന്റെ കൈവിരൽതുമ്പിൽ
തൂങ്ങുന്ന ജേഷ്ടനും.

പുഞ്ചിരിതൂവുന്ന മുഖവുമായെന്നമ്മയും,
ഉദരത്തിൽ പേറുന്ന
ജീവനെ ചൂണ്ടിയമ്മപറയുന്നതോർപ്പു ഞാൻ,

കുഞ്ഞേ നിന്നനുജത്തി,
കളിക്കുന്നെന്നുള്ളിൽ
നിന്നുടെ പേർചൊല്ലിവിളിപ്പതു കേട്ടിടാം


ചെവിയോർത്തുഞാൻ
അമ്മതന്നുദരത്തിൽ,
അവളുടെ കിളിമൊഴി കേൾക്കാൻ!

ഉച്ചത്തില്ലാരോ അട്ടഹസിക്കുന്നു,
രോദനങ്ങൾ പിന്നെ
തേങ്ങലുകൾ,

മുറ്റത്ത് പൊട്ടിച്ചിതറിക്കിടക്കുന്നു,
സഞ്ചിയിൽ,
അച്ഛൻ വാങ്ങിയ സാധനങ്ങൾ?

അച്ഛനെകണ്ടു പേടിച്ചുപോയിഞാൻ,
മുഖമില്ലച്ഛന്!?
രക്തത്തിൽ കുളിച്ച്, നിശ്ചലനായ് കിടപ്പു!

ആർത്തലച്ചു കരഞ്ഞുഞാൻ കണ്ണകി,
ലങ്ക ചുട്ടെരിക്കാൻ കനാലായ്
വേദന,ഉള്ളിൽ….പിടയുന്നു

മിഴികൾതുടച്ചുഞാൻ പരതിയെന്ന-
നനുജനെ , ചുറ്റിലും!
അകലെ ശവമായ് ചിതറിക്കിടക്കുന്നു!!!!

തളർന്നുപോയ് ഞാൻ
ഈ പിഞ്ചുബാലിക!
തപബല മില്ലാത്ത കണ്ണകിയോ ഞാൻ???

നൽകുക സത്വമേ തീജ്ജ്വാല
ലങ്കാ ദഹനം നടത്തട്ടെ നിർവിഗ്നം
രാവണന്മാർ തന്നെ രാമനായെത്തുന്നു.

വെറും വാനരന്മാരോഞങ്ങൾ?
ബാണങ്ങളേറ്റുവാങ്ങാൻ?
പിടഞ്ഞെണീറ്റു ഞാൻ അമ്മയെ കാണാൻ
വീടിന്റെ ഉമ്മറത്തമ്മ!
പൊടുന്നനെ വിഴുങ്ങിയെൻ ഓലക്കുടിൽ,
ആരോതൊടുത്ത ആഗ്നേയസ്ത്രത്താൽ

പിന്നെയും ബാക്കിയായ് കണ്ണകി
ഉമ്മറത്തമ്മകിടക്കുന്നു,
കരിക്കട്ടയായ്

ഉദരംതുളച്ചപൊട്ടിത്തെറി,
എന്നനുജത്തിൻ ജീവനുമെടുത്തുവോ ദൈവമേ!
പിഞ്ചുപൈതലിൽ ജഡവും പേറി അമ്മ കിടക്കുന്നു.

കണ്ണകി, ഞാൻകണ്ടു മറ്റൊരു യുദ്ധം!
ആരോജയിച്ച,
തമിഴൻ മരിച്ച യുദ്ധം!!

പുലികൾതന്നന്ത്യംകുറിക്കാൻ,
നടന്നയുദ്ധം,
പക്ഷേ
ഞാൻ കണ്ണകി മാത്രം മരിക്കുന്നു
കാഴ്ച്ചകണ്ട്
ഈ കാഴ്ച്ചകണ്ട്……….

(12.05.2009)

Sunday, March 08, 2009

അയിത്തംഇന്ന്.ചുറ്റുമതിൽ, അതിനപ്പുറത്ത് അമ്പലം,
ശിവക്ഷേത്രം,
ശ്രീകോവിൽ, പുറത്ത്
ഉപനയനം കഴിഞ്ഞോ?
ഇല്ല, നമ്രശിരസ്കനായ്,
പഞ്ചലോഹത്തിൽ തട്ടിച്ചിതറുന്ന വെട്ടം
ശ്രീകോവിലിൽ ഇരുട്ട്,
എന്നിട്ടും ?!
ശിവനെ, കനിയുക എന്നെ
എന്റെ സമൂഹത്തിനെ….
ആരെ ?
ഈഴവനെയോ ?
ശ്രീകോവിലിലേയ്ക്കല്ല, താഴെയ്ക്ക്!!!
അയിത്തമോ ?
ആർക്ക് ?
നായർക്കില്ല, പിന്നാർക്ക് ?
ശിവന്
ഇത് ഈഴവശിവനല്ല!
കഷ്ടം!!
ഹോ., ശിവനെ
നോം ഒരാഴ്ച്ചത്തെ ലീവിലാ…
ഈഴവൻ പടിയിറങ്ങി
ഒന്നും ഉരിയാടാതെ , ശിവനും.

Thursday, January 01, 2009

നവവത്സരാശംസകൾ

സ്നേഹത്തിന്റേയും, സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും, ഐശ്വര്യത്തിന്റേയും നവവത്സരാശംസകൾ