Saturday, May 30, 2009

നീർമാതളം കൊഴിഞ്ഞു………


മലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരി, മാധവിക്കുട്ടി, ആംഗലേയരുടെ പ്രീയപ്പെട്ട കമലദാസ്, അവസാനം തന്റെ ശരീരത്തെ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച, ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി വിളിച്ചുപറഞ്ഞ എഴുത്തുകാരി. ഇന്ത്യൻ സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് സത്യസന്തമായി സംസാരിച്ച ആദ്യത്തെ ഹിന്ദു സ്ത്രീ അതായിരുന്നു മാധവിക്കുട്ടി……ആഗ്രഹിച്ചത് കിട്ടാതിരിക്കുകയും, കിട്ടിയത് ആഗ്രഹിക്കാതിരിക്കുകയും… അതൊക്കെ പരസ്യമായി പറയുകയും ചെയ്ത ധൈര്യശാലിയായ സ്ത്രീ, അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അത് പറവയായി തീരാനാഗ്രഹിച്ച എഴുത്തുകാരി, ഇനീ ഒരിക്കലും മനുഷ്യസ്ത്രീയായി പിറക്കരുതെ എന്ന് ആഗ്രഹിച്ച എഴുത്തുകാരി……. ചന്ദന മരങ്ങളും, നീർമാതളം പൂത്ത കാലാവും, നെയ്പ്പായസംവും, വണ്ടിക്കാളകളും, ഒക്കെ ആ മനോവ്യഥകളുടെ ആവിഷ്ക്കാരമായിരുന്നു….. അതുല്ല്യയായ ഒരു എഴുത്തുകാരി, അതിന് പകരം വയ്ക്കാൻ മലയാളത്തിന്റെ പക്കൽ മറ്റൊന്നില്ല………

Tuesday, May 12, 2009

കണ്ണകികണ്ടയുദ്ധം



വീണ്ടുമൊരുയുദ്ധം! കാണുക,
രാവണപ്രഭുവിന്റെ കോട്ടയ്ക്കപ്പുറ-
ത്തായിരംകബന്ധങ്ങൾ കൂടിക്കിടക്കുന്നു,

രാമനായെത്തിയ രാവണന്മാർ
തന്നുടെ ധനുസ്സിൽ തൊടുക്കുന്നാ-
യിരമമ്പുകൾ,

ആയിരമായുസ്സ് ഓടുക്കുവാൻ
ഇന്നരനിമിഷം തെന്നെ അധികമെന്നോർക്കുക!
ദിനരാത്രമില്ലാതെ, എയ്യുന്നമ്പുകൾ

അവർ, നീതികാക്കുന്നവർ.
എവിടായാണെന്നമ്മ?,
എവിടെയാണെൻ കുഞ്ഞനുജൻ?

ഇന്നലെ കണ്ടാതാണെല്ലാവരേയും ഞാൻ,
അച്ഛന്റെ കൈവിരൽതുമ്പിൽ
തൂങ്ങുന്ന ജേഷ്ടനും.

പുഞ്ചിരിതൂവുന്ന മുഖവുമായെന്നമ്മയും,
ഉദരത്തിൽ പേറുന്ന
ജീവനെ ചൂണ്ടിയമ്മപറയുന്നതോർപ്പു ഞാൻ,

കുഞ്ഞേ നിന്നനുജത്തി,
കളിക്കുന്നെന്നുള്ളിൽ
നിന്നുടെ പേർചൊല്ലിവിളിപ്പതു കേട്ടിടാം


ചെവിയോർത്തുഞാൻ
അമ്മതന്നുദരത്തിൽ,
അവളുടെ കിളിമൊഴി കേൾക്കാൻ!

ഉച്ചത്തില്ലാരോ അട്ടഹസിക്കുന്നു,
രോദനങ്ങൾ പിന്നെ
തേങ്ങലുകൾ,

മുറ്റത്ത് പൊട്ടിച്ചിതറിക്കിടക്കുന്നു,
സഞ്ചിയിൽ,
അച്ഛൻ വാങ്ങിയ സാധനങ്ങൾ?

അച്ഛനെകണ്ടു പേടിച്ചുപോയിഞാൻ,
മുഖമില്ലച്ഛന്!?
രക്തത്തിൽ കുളിച്ച്, നിശ്ചലനായ് കിടപ്പു!

ആർത്തലച്ചു കരഞ്ഞുഞാൻ കണ്ണകി,
ലങ്ക ചുട്ടെരിക്കാൻ കനാലായ്
വേദന,ഉള്ളിൽ….പിടയുന്നു

മിഴികൾതുടച്ചുഞാൻ പരതിയെന്ന-
നനുജനെ , ചുറ്റിലും!
അകലെ ശവമായ് ചിതറിക്കിടക്കുന്നു!!!!

തളർന്നുപോയ് ഞാൻ
ഈ പിഞ്ചുബാലിക!
തപബല മില്ലാത്ത കണ്ണകിയോ ഞാൻ???

നൽകുക സത്വമേ തീജ്ജ്വാല
ലങ്കാ ദഹനം നടത്തട്ടെ നിർവിഗ്നം
രാവണന്മാർ തന്നെ രാമനായെത്തുന്നു.

വെറും വാനരന്മാരോഞങ്ങൾ?
ബാണങ്ങളേറ്റുവാങ്ങാൻ?
പിടഞ്ഞെണീറ്റു ഞാൻ അമ്മയെ കാണാൻ
വീടിന്റെ ഉമ്മറത്തമ്മ!
പൊടുന്നനെ വിഴുങ്ങിയെൻ ഓലക്കുടിൽ,
ആരോതൊടുത്ത ആഗ്നേയസ്ത്രത്താൽ

പിന്നെയും ബാക്കിയായ് കണ്ണകി
ഉമ്മറത്തമ്മകിടക്കുന്നു,
കരിക്കട്ടയായ്

ഉദരംതുളച്ചപൊട്ടിത്തെറി,
എന്നനുജത്തിൻ ജീവനുമെടുത്തുവോ ദൈവമേ!
പിഞ്ചുപൈതലിൽ ജഡവും പേറി അമ്മ കിടക്കുന്നു.

കണ്ണകി, ഞാൻകണ്ടു മറ്റൊരു യുദ്ധം!
ആരോജയിച്ച,
തമിഴൻ മരിച്ച യുദ്ധം!!

പുലികൾതന്നന്ത്യംകുറിക്കാൻ,
നടന്നയുദ്ധം,
പക്ഷേ
ഞാൻ കണ്ണകി മാത്രം മരിക്കുന്നു
കാഴ്ച്ചകണ്ട്
ഈ കാഴ്ച്ചകണ്ട്……….

(12.05.2009)