കണ്ണാടി ചില്ലിട്ട മാളികയ്ക്കുള്ളിൽ ഞാൻ
കാലത്തെനോക്കി പല്ലിളിച്ചു!
വന്മരം വളർന്നൊരാ മൈദാന-
ത്തിനപ്പുറത്താണെന്റെ മാളിക.
നിലകളിൽപ്പലവർണ്ണ
പ്രഭചൊരിഞ്ഞങ്ങനെ നിൽക്കുന്നു.!
ആയിരമാളുകൾക്കന്നം വിളമ്പുവാൻ
ഇല്ലൊരു ബുദ്ധിമുട്ടുമതിന്നങ്കണത്തിൽ..!
അടഞ്ഞ വാതായനങ്ങൾക്കുപിന്നിൽ
ആരെന്നറിയാതെ ശങ്കിച്ചു നിന്നുഞാൻ
സ്വന്തമാണീ മാളികയെന്നറിയാമെങ്കിലും,
അന്യനാണെന്ന് തോന്നുന്നിതെപ്പോഴും.!?
കാരണമില്ലാതെ ഭയന്നു ഞാൻ പലപ്പോഴും,
കാലത്തിൻ കേവലം കളിചിരിപോലും,
കാലമിതൊട്ടും കാക്കുകില്ലെന്നെയെങ്കിലും,
ഈ മാളിക കാത്തുഞാൻ കാലം കഴിക്കുന്നു.!
എങ്കിലുമീമാളികയ്ക്കെന്തുഭംഗി
എന്നാത്മഗതം കൊണ്ടുപതികരെല്ലാം,
ചില്ലിട്ട ജാലകം മെല്ലെത്തുറന്നുഞാൻ
മൈദാനത്തിനപ്പുറക്കാഴ്ച്ചകാണാൻ…!?
-1-
( ഒരു കവിത കേട്ടപ്പോൾ അതിലെ ചില വരികളിലൂന്നി ഒരു പുഴതാണ്ടാൻ ഞാൻ ശ്രമിക്കുന്നു, മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന കവിതയോട് കടപ്പാട്…………..)
ആദ്യമായ് വേറിട്ടൊരൊച്ചകേട്ടു,
മധുസൂദനൻ നായരെന്നോർത്തുപോയി.!
ഇടയ്ക്കയും ഓടക്കുഴലുമായി പാടി,
ഇടനെഞ്ചിൽ സൂക്ഷിച്ച ദുഃഖങ്ങളത്രയും-
മൊരുതുലാവർഷമായ് പെയ്തൊഴിഞ്ഞു
ശ്രോദാക്കളില്ലാതെ, കാണികളില്ലാതെ,
വിജനമാം തെരുവിലേയ്ക്കൂളിയിട്ടകലുന്നു വിലാപങ്ങൾ
“ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം “
നാശത്തിലേയ്ക്ക് ഗമിക്കും മർത്യന്റെ
ചിന്തയെ വിലക്കുവാനാവതെ കവി കരയുന്നു.
തിമിരം കയറിയ കണ്ണിൽ കഴ്ച്ചകൾ
കാവിക്കറയിൽ മറയുന്നു..,
കറുപ്പിനുമുകളിൽ വേശ്യകൾ തന്നുടെ
ചാരിത്ര്യത്തിൻ കഥ നെയ്യുന്നു!
കവിയുടെ ശബ്ദം കാതിൽ
തെല്ലൊരു നൊമ്പരമായ് കിനിയുന്നു.
“ പിഞ്ചുമടിക്കുത്തമ്പതുപേർ
ചേർന്നുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം..”
കവിയുടെ കണ്ണൂകൾ ഈറനണിഞ്ഞു,
വാക്കുകളിടറി, കൈകൾ വിറച്ചു.
കണ്ണടവച്ചൊരു കവിയുടെ
കവിളിൽ നീർച്ചാലൊഴുകിയ പാടുകൾ കാണാം
കാവിക്കുള്ളിൽ മറഞ്ഞുകിടക്കും
കരിവേഷത്തിൻ മുറവിളികേൾക്കാം
മൈദാനത്തിൻ അതിരുകൾ താണ്ടി,
തെരുവോരം ചേർന്നു നടന്നു
തെരുവുവിളക്കുകൾ
ഇടവിട്ടകലെ ശോകം തൂങ്ങി ചിരിപ്പതു കാണാം
പിന്നവൾ നാണത്താലിമ പൂട്ടുകയായി
രാവിൻ നിറമതുകാണാൻ
കണ്ണിൽ തിമിരംവന്നുനിറയുകയരുത്!
പ്രാപ്പിടിയന്മാർ അലയും തെരുവിൽ
ചെറുകാമക്കുരുവികൾ വിലസുവതുകാണാം
കാക്കിപ്പടയുടെ നെറിവില്ലായ്മകൾ
കാലത്തിനുമേൽ കാലായി!!
ജോതകദോഷം ചൊല്ലി തന്ത്രികൾ
തന്ത്രം മെനയും കാഴ്ച്ചകൾ കാണാം
എച്ചിൽകുപ്പയിലന്നം തിരയും
ശ്വാനപ്പടയുടെ നിലവിളികേൾക്കാം…?
അതിൽ സ്വന്തം പങ്കിന് കടിപിടികൂട്ടും
രാഷ്ട്രീയത്തിൻ നയങ്ങൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം!!
-2-
(കാലത്തിന്റെ അനിവാര്യതയിലേയ്ക്ക് കവി
നടന്നടുക്കുമ്പോൾ സ്വന്തം സ്വരം മാത്രം അനുഗമിക്കുന്നു)
“ പലിശപ്പട്ടണി പടികയറുമ്പോൾ
പിറകിലെ മാവിൽ കയറുകൾ കാണാം“
ചത്തുപിറക്കും ആത്മാക്കൾക്കൊരു
നെരമ്പോക്കോ ഈ പാഴ്ജന്മം,
തെരുവിലലഞ്ഞു കരഞ്ഞുനടന്നൊരാ
യുവതിതൻ നൊമ്പരമാരും കണ്ടില്ലന്നോ ?
പർദ്ദയ്ക്കുള്ളിലെ ദുഖം കാണാൻ
തൊണ്ണൂറെത്തിയ കിഴവനും കഴിഞ്ഞില്ല!!
കല്ലടകോറിയ അക്ഷരമത്രയും.
കമലത്തിൻ യുക്തിക്കപ്പുറത്തായതെന്തെ?
കാക്കിതൻ ശബ്ദമോ ? ഖദറിന്റെ കട്ടിയോ ?
അതോ ചുവപ്പിന്റെ കാഠിന്യമേറിയ യുകതിയോ ?
മൈദാനത്തിനപ്പുറം ഇത്രയും വേദന കൂട്ടമായ്-
ത്തിരയുന്നതാരെയെന്നോർത്തുഞാൻ!..
ചെമ്മൺ പാതയിൽപ്പാദങ്ങളൂന്നിഞാൻ
ഗ്രാമത്തിന്നാത്മാവിലേക്കായ്ഗമിച്ചു,
മങ്ങിയ കാഴ്ച്ചകളൊക്കെ മറന്നു
കണ്ണടകൾ വേണ്ട
ഇനി കണ്ണടകൾ വേണ്ടാ……
(18-04-2005)
Wednesday, October 29, 2008
Subscribe to:
Post Comments (Atom)
3 comments:
കണ്ണടകൾ വേണ്ട
ഇനി കണ്ണടകൾ വേണ്ടാ……
എന്തിന് കണ്ണട. തെരുവു വിളക്കുകൾ എല്ലാത്തിനും സാക്ഷിയാണ്. സമൂഹത്തിലെ ദൌർബല്യങ്ങളെ, അനാസാശ്യങ്ങളെ, ശാപങ്ങളെ വളരെ വിദഗ്ദമായി, മനോഹരമായി വരച്ചിട്ടിരിക്കുന്നു.
ഈ ശകതമായ വരികൾ ഏറെ ഇഷ്ടപ്പെട്ടു.
എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി, വീണ്ടും വരുക....
Post a Comment